തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ട വിവാദം ഇടതുമുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നവിധം കൂടുതൽ സങ്കീർണമാകുന്നു. ഒരു കാരണവശാലും ഇടതുമുന്നണിയെയും മന്ത്രിസഭയെയും നോക്കുകുത്തിയാക്കി പിഎം ശ്രീയിൽ ഒപ്പിട്ട നടപടി അംഗീകരിക്കില്ലെന്ന ശക്തമായ നിലപാടിലാണു സിപിഐ.
എൻഇപി നടപ്പിലാക്കില്ലെന്നു മന്ത്രിക്കും സിപിഎമ്മിനും എങ്ങനെ പറയാൻ കഴിയുമെന്ന കടുത്ത ഭാഷയിലാണു സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത്. അതായത് കേരള സർക്കാരിന്റെ നയമാറ്റത്തിൽ ഒരു ഒത്തുതീർപ്പിനും സിപിഐ ഇല്ല എന്ന സന്ദേശമാണ് രാജ ഇന്നലെ നൽകിയത്.
എന്നാൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി ഇടതുനയം പാടെ വിഴുങ്ങി. എൻഇപി നടപ്പിലാക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ തെറ്റില്ലെന്നായിരുന്നു ബേബിയുടെ ഇന്നലത്തെ നിലപാട്.
ഇന്നലെ മന്ത്രി വി. ശിവൻകുട്ടി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ എത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടു കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇടതുമുന്നണിയെയും സിപിഐ മന്ത്രിമാരെയും ഇരുട്ടിൽ നിർത്തി എന്തിനാണു പിഎം ശ്രീയിൽ ഒപ്പുവച്ചതെന്ന ബിനോയ്യുടെ ചോദ്യത്തിനു മുന്നിൽ ശിവൻകുട്ടിക്ക് തലകുനിച്ചിരിക്കാനേ കഴിഞ്ഞുള്ളൂ. ബാക്കി തിങ്കളാഴ്ച തീരുമാനിക്കുമെന്ന് മാത്രമായിരുന്നു ശിവൻകുട്ടിക്കുള്ള ബിനോയ്യുടെ മറുപടി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ അനുമതിയോടെയാണ് മന്ത്രി വി. ശിവൻകുട്ടി എംഎൻ സ്മാരകത്തിലെത്തിയത്. മന്ത്രി ജി.ആർ. അനിലും എംഎൻ സ്മാരകത്തിൽ ഉണ്ടായിരുന്നു. ചർച്ചയെ സംബന്ധിച്ച് ആരും ഒന്നും പുറത്തു മിണ്ടിയില്ലെങ്കിലും സിപിഐ സെക്രട്ടറി നിലപാടിൽ പിന്നോട്ടില്ലെന്ന നയമാണു സ്വീകരിച്ചത്. എന്തോ ആയിക്കോട്ടേ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതെ പൊടുന്നനെ എന്തിനാണ് ഉദ്യോഗസ്ഥയെ അയച്ച് എംഒയുവിൽ ഒപ്പിട്ടത്. “സഖാവേ നമ്മൾ തമ്മിലെങ്കിലും ഒന്നു ചർച്ച ചെയ്യുന്നതായിരുന്നില്ലേ ഭംഗി” ഇതായിരുന്നു ബിനോയ് ശിവൻകുട്ടിയോടു ചോദിച്ചത്. ബിനോയ്യുടെ ഈ ചോദ്യത്തിന് ഒരു ചിരി മാത്രമേ ശിവൻകുട്ടിക്കു മറുപടിയായി ഉണ്ടായിരുന്നുള്ളൂ. ഇത്ര മാത്രമായിരുന്നു സിപിഎം -സിപിഐ ചർച്ച.
തിങ്കളാഴ്ച ആലപ്പുഴയിൽ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കടുത്ത തീരുമാനങ്ങൾ എടുത്തേക്കുമെന്ന സൂചനയാണു ലഭിക്കുന്നത്. മന്ത്രിസഭായോഗത്തിൽ മന്ത്രിമാരെ പങ്കെടുപ്പിക്കാതെയുള്ള പ്രതിഷേധമാകും സിപിഐ സ്വീകരിക്കുക.
പരിഹരിക്കപ്പെടുമെന്നു മന്ത്രി ശിവൻകുട്ടി; ഇങ്ങനെയല്ല ചർച്ചവേണ്ടതെന്ന് അനിൽ
തിരുവനന്തപുരം: എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിപിഐ സംസ്ഥാന സമിതി ഓഫീസായ എംഎൻ സ്മാരകത്തിലെത്തി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കണ്ടശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായ ചില കാര്യങ്ങളാണ് ചർച്ച ചെയ്തത്. ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ടു പ്രതികരിക്കുന്നില്ലെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
അതേസമയം, സ്വകാര്യ സംഭാഷണത്തിൽ തീരുമാനമാകേണ്ട വിഷയമല്ല ഇതെന്നായിരുന്നു ചർച്ചയിൽ സംസ്ഥാന സെക്രട്ടറിക്കൊപ്പം പങ്കെടുത്ത സിപിഐ മന്ത്രി ജി.ആർ. അനിൽ പറഞ്ഞത്. നയപരമായ ചർച്ചയാണ് ഇക്കാര്യത്തിൽ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.